ഇരുപത് കാലുള്ള കട്ടിൽ
തിരുവനന്തപുരത്തേക്ക് തന്റെ ആദ്യ തൊഴിൽ ജീവിതത്തിലേക്ക് കാലുകുത്താൻ കൊച്ചിയിൽ നിന്നെത്തിയിരിക്കയായിരുന്നു "സഞ്ജു" എന്ന സഞ്ജന.രാവിലെ ട്രെയിനിൽ കൊച്ചുവേളിയിലെത്തി അവിടുന്ന് എ.സി ലോഫ്ലോറിൽ വളരെ പെട്ടെന്നുള്ള യാത്ര ആയതിനാൽ ഹോസ്റ്റൽ കിട്ടാതെ സാധനസാമഗ്രികളുമായാണ് ജോലിക്ക് പോയത്.
സമയം വൈകുന്നേരം നാല് മണി അപ്പോഴേക്കും സഹപ്രവർത്തകർ നിർദ്ദേശിച്ചതനുസരിച്ച് ഹോസ്റ്റലിലേക്ക് പോകുകയായിരുന്നു."വഴുതക്കാട്" വരെ ഓട്ടോ പിടിച്ചെത്തി,കത്തി കാശും വാങ്ങി,ബാക്കി ഇത്തിരി ദൂരം കൂടി ഉണ്ട് ബേക്കറി ജംഗ്ഷനിലേക്ക്.ഓട്ടോ അണ്ണൻ ശ്രീ മൂലം പ്രജാ സഭ* യിലെ ആരാണ്ടിന്റേം ആരാണ്ടൊക്കെ പോലെ സ്വന്തമായി നിയമനിർമ്മാണം നടത്തുന്നത് കണ്ട് 😡 തന്റെ "വാളും പരിചയും" തൽക്കാലം ഉറയിൽ ഇട്ടിട്ട് സഞ്ജു ബാക്കി ദൂരം നടന്നവിടെ എത്തി.
ഹായ്!!എന്താ ഐശ്വര്യം..സഞ്ജു ഒന്ന് ഇടത്തേക്ക് നോക്കി കൊള്ളാം ആവശ്യത്തിന് തിരക്കുള്ള ഒരു സൂപ്പർമാർക്കറ്റും മെഡിക്കൽ ഷോപ്പും.വലത് വശത്ത് എസ്ബിഐ യുടെ എ.ടി.എം ,മുന്നിൽ അസ്സലൊരു ത്രീസ്റ്റാർ ഹോട്ടലും.
ഉം ...ഇന്നൊസെന്റ് പറയാനാ പോലെ..."തരക്കേടില്ലാലോ.....".ഒരു സ്പെഷ്യൽ സംഭവം കൂടി കണ്ടപ്പോ അവളൊന്നു ഞെട്ടി ഇന്ത്യയുടെ സ്വന്തം റിസർവ് ബാങ്കിന്റെ കേരളത്തിലെ ആസ്ഥാനം.അടിപൊളി!!
ഹോസ്റ്റൽ,പഴയൊരു ശൈലിയിൽ എട്ടുക്കെട്ടുപോലെയൊരു കെട്ടിടം.ജീവിതത്തിൽ എന്നെങ്കിലും നാലുകെട്ടിൽ ജീവിക്കണം എന്നാഗ്രഹിച്ചു തനിക്ക്."ഇപ്പോത് ലാഭായിലോ..."
കയറാനും ഇറങ്ങാനും വേറെ വേറെ പടിക്കെട്ടുകളും ഗേറ്റും ഉണ്ട് .അതിൽ കയറാനുള്ള ഇടത്തേക്ക് പോകുമ്പോഴാണ് സെക്യൂരിറ്റി അണ്ണൻ വരുന്നത്..
ഏതോ സിനിമയിൽ ആരോ പറഞ്ഞ പോലെ "ആരാ...?എന്താ??"ഈ രണ്ടു ചോദ്യവും പ്രതീക്ഷിച്ചിരുന്ന സഞ്ജുവിനോട്.ഒരു മാറ്റം ആരാ ആഗ്രഹിക്കാത്തത് എന്ന ചിരിയോടെ ആ അണ്ണൻ(ശരിക്കും ഒരമ്മാവൻ)
"കൊച്ചെന്തര്...വൈകി?ഇവടയാറ് മണി വരെ അഡ്മിഷൻ ഒള്ളല്ല് .."
അവൾ വാച്ചിലേക്ക് നോക്കി "ചേട്ടാ..ഇപ്പോ അഞ്ചേമുക്കാൽ ആയിട്ടുള്ളൂല്ലോ..ഞാൻ നേരത്തെതന്നെന്ട്ടാ...",പുള്ളി പുച്ഛ ചിരി ചിരിച്ചിട്ട്
"...യെവടെ ..ആദ്യമായിട്ട് തന്നേ .. ??"
" അതേലോ ...."
"ഓ..അങ്ങന പറ.. യിനിപ്പ കൊച്ച് ചെല്ല്...ബാക്കി വഴിങ്ങനെ..മനസിലാക്കിക്കോളും..."
സഞ്ജു തന്റെ ഭാണ്ഡകെട്ടുകളുമെടുത്ത് പടികൾ കയറി...മെട്രിന്റെ മുറിയുടെ മുന്നിൽ നിന്ന് അനുവാദം ചോദിച്ച് കയറി.
കയറിയപ്പോൾ മുതൽ അവർ അടിമുടി നോക്കാൻ തുടങ്ങി .
കറുത്ത ജീൻസും ചുവന്ന "ചെക്ക്" ഷർട്ടും കറുത്ത കാൻവാസ് ഷൂവും ഇട്ട് ട്രാവൽ ബാഗ് ഒക്കെ ഇട്ട് നാട് വിട്ട് പോരുന്ന ദുൽക്കർ സൽമാനെ പോലെ ഉള്ള നിൽപ്പ് കണ്ടിട്ടാവും..ശ്ശെടാ!!ഒരു റെയ്-ബാൻ ഏവിയേറ്റർ കൂടി ഉണ്ടാർന്നെൽ മിന്നിച്ചേനെ.....,
ആ വിചിത്രമായ നോട്ടത്തിനു വിരാമമിടാൻ അവൾ തന്റെ കഴുത്തിലെ സ്കാർഫ് ഒന്ന് അനയ്ക്കി!സുഷുപ്തിയിലാണ്ട മെട്രിൻ പെട്ടെന്ന്
"അഡ്മിഷൻ സമയം കഴിഞ്ഞു..."
"ഞാൻ ആറു മണി എന്ന കേട്ടത്..ആറു മണി ആയിട്ടില്ല ..."ക്ലോക്ക് ചൂണ്ടി സഞ്ജു പറഞ്ഞു.എന്തോ ദൈവഭാഗ്യം അവരൊന്നും പറയാതെ അഡ്മിഷൻ നടപടികൾ തുടങ്ങി..
"യെത്ര പേരുള്ള റൂം ആണ് വേണ്ടത്"
"എങ്ങനൊക്കെയാ ഉള്ളത്?"
"ഒരാൾക്കുള്ളത് മുതൽ അഞ്ചു വരെ ഒണ്ട്....അഞ്ചാണ് യേറ്റോം കൊറഞ്ഞത്.."
"സൗകര്യം ഉണ്ടക്കോ അഞ്ചാകുമ്പോൾ?"
"മുറി വലിയതാണ് ...പിന്നെ ഒരാൾക്കുള്ളതെടുക്കാം താൽപര്യമില്ലെങ്കിൽ .."
"ഏയ്...അത് മതി...!!"
പിശുക്കല്ല ...അഞ്ചുപേരുണ്ടാകുമ്പോഴുള്ള ഒരു രസം ഒറ്റയ്ക്കിരുന്നാൽ കിട്ടില്ല...രണ്ടായാലായാൽ ഒരാള് പോയാൽ ഒറ്റയാവും.മൂന്നാളായാൽ രണ്ടു പേര് ഗ്രൂപ്പ് തിരിഞ്ഞാൽ പിന്നെയും ഒറ്റയാവും..പിന്നെ ഉള്ളത് നാലാണ് ..അതിൽ നിന്നും വല്യ വത്യാസം ഒന്നും ഉണ്ടാവില്ല അഞ്ചിൽ ..പിന്നെ പൈസയും ലാഭിക്കാം ..സഞ്ജു ആരാ മോൾ!!
മെട്രിൻ ഒപ്പു വെയ്പ്പിച്ച് റൂം നമ്പർ പറഞ്ഞു..
"19 "
"കൊള്ളാം...9ഉം 1ഉം 10ഉം ...പിന്നെ 0ഉം 1ഉം...ഹാ.. "1" ന്യൂമറോളജിക്കലി ഓക്കേ.."
ചിരിച്ചുകൊണ്ട് അവൾ മെട്രിനു അനുയാത്ര നടത്തി..
'തത്ത്വമസി ' റൂമിന്റെ മുന്നിൽ എഴുതിയിരിക്കുന്നത് വായിച്ചു.
"ഇതെന്താ ശബരിമലയോ..?"
"അല്ല!യിവിടെ യെല്ലാ മുറിക്കും നമ്പറും പേരുമൊക്കെയൊണ്ട്.കൂടുതൽ ചോദ്യമൊന്നും വേണ്ടാ..കുട്ടി വേഗം പോയി കുളിച്ചിട്ട് അറ്റെൻഡൻസ് റൂമിലേക്കു വരൂ.."
മെട്രിൻ ഭീഷണിയുമായി നീങ്ങി..
...."ഒരു മെട്രിൻ !!ഹും ആനപാറേൽ അച്ഛമ്മയ്ക്ക് ഒരു 20 വയസ്സ് കുറഞ്ഞ പോലുള്ള രൂപം.ആകെ ഒരു കോമഡി അവരുടെ മൂക്കിന് തുമ്പിലിരിക്കുന്ന ആ കണ്ണടയാണ്..അതും കൂടി ഇല്ലാരുന്നേൽ പട്ടികുഞ്ഞുപോലും നോക്കത്തില്ലാർന്നു ...ഇങ്ങനെ ഒട്ടും ചിരിക്കാത്ത മനുഷ്യന്മാരുണ്ടോ?"
അവൾ റൂമിന്റെ വാതിൽ കൊട്ടി..ഒരാൾ തുറന്നു..വേറൊരാൾ പെട്ടെന്ന് അവിടിരുന്നു മുടി തുവർത്തി നിവർന്നു സഞ്ജുവിനെ പേടിപ്പിച്ചു .വേറൊരാൾ ഒരു മേശപ്പുറത്തിരുന്നു ടേബിൾ ലാമ്പിന്റെ വെട്ടത്തിൽ ബുക്ക് വായിക്കുന്നു 'പുസ്തക പുഴു '.റൂമിൽ മൊത്തം വെളിച്ചമില്ലാർന്നു..
"ഹായ്!ഞാൻ സഞ്ജു,സഞ്ജന..കൊച്ചിയിൽ നിന്നാണ് വരുന്നേ.."
റൂം തുറന്ന ആൾ ലൈറ്റിട്ട് വെറും ചിരിയോടെ പോയി..ബാക്കി രണ്ടുപേരും നോക്കിയത് പോലുമില്ല.
ഈശ്വര...'മോഹഭംഗ മനസ്സില്ലേ ..' ആ പാട്ടു എവിടെയോ കേൾക്കുന്ന പോലെ...
മുറിയിൽ കുറേ വനിതയിലും മറ്റും വരുന്ന മധുരപലഹാരങ്ങളുടെ പടം,പിന്നെ കുറെ ദൈവങ്ങളുടെ പടങ്ങളും.ടി.വി യിലൊക്കെ ഓരോരോ ഹോസ്റ്റൽ കാണിക്കുമ്പോൾ എന്തൊക്കെയായിരുന്നു ..സൽമാൻ ഖാൻ,റിത്വിക്ക് റോഷൻ ,സിക്സ്പാക്ക്...ഹാ!അങ്ങനെ പവനായി ശവമായി!!
"ഹേയ്....!എവിടെയാ ഇതൊക്കെ ഒന്ന് വെയ്ക്കാൻ പറ്റുക..?"
തന്റെ ബാഗുകളൊക്കെ കാട്ടിയിട്ട് സഞ്ജു ചോദിച്ചു.അപ്പോൾ വാതിൽ തുറന്നു തന്ന കുട്ടി ഒരു മൂലയ്ക്കെ ചൂണ്ടി കാണിച്ചു ഒരു കട്ടിലും ബെഡും പിന്നെ അലമാരയും കണ്ടു.ബാക്കി ഉള്ള ആളുകളുടെ കട്ടിൽ ഒക്കെ കൂടി ഇട്ടിരിക്കുകയാണ് "16 കാലുള്ള കട്ടിലുപോലെ.."
അവൾ വേഗം അവിടെ ചെന്ന് അതൊക്കെ ഒതുക്കി ബാഗിൽ നിന്നും ഡ്രെസ്സുമെടുത്ത് കുളിച്ചു വന്നപ്പോൾ റൂമിലുള്ളവർ കട്ടിലിലേയും അലമാരയിലെയും പൊടിയൊക്കെ തൂത്തു തുടയ്ക്കുന്നു.അവൾ അവരോടൊപ്പം ഡ്രസ്സ് ഒക്കെ മടക്കി വെച്ചു.ഒരു ബാഗിൽ ഉണ്ടായിരുന്നതു മൊത്തം ബുക്കുകൾ ആണ്.അതിൽ നിന്നൊരു ബുക്കെടുത്ത് നമ്മുടെ 'പുസ്തകപ്പുഴു '
"ഞാൻ ഈ ബുക്ക് എടുക്കുന്നതിൽ വിരോധമുണ്ടോ?"
"ഇല്ലാലോ..."സഞ്ജു ചിരിച്ച് കൊണ്ട് പറഞ്ഞു.
പെട്ടെന്നൊരു ബെൽ ശബ്ദം കേട്ടപ്പോൾ അവർ പറഞ്ഞു,"അറ്റെൻഡൻസ് ആണ് "
അറ്റെൻഡൻസ് എടുക്കുന്ന മുറിയിൽ ടി.വി കണ്ടുകൊണ്ടു കുറെ പേരുണ്ട്.. ആരൊക്കെയോ അവിടെ ന്യൂസ്‌പേപ്പർ വായിക്കുന്നുണ്ട്.എല്ലാവരും തന്നെ തന്നെ നോക്കുന്നത് സഞ്ജു കണ്ടു.."പുതിയ മുഖം...ഓ....ഇവിടൊരു പുതിയ മുഖം"
ആ ചടങ്ങു കഴിഞ്ഞു ബാക്കി അടക്കി പെറുക്കൽ കഴിഞ്ഞു ഒരു ഷീറ്റ് ഉം വിരിച്ച് സഞ്ജു ബെഡിൽ ഇരുന്നു.
"അഞ്ചു പേരുണ്ടെന്ന് പറഞ്ഞിട്ട് നമ്മൾ ഇപ്പോൾ നാലുപേരല്ലേ ഉള്ളു..?"
"ഒരാൾ ഉണ്ട് ലീവ് ആണ് നാട്ടിൽ പോയി.തിങ്കളാഴ്ച വരും.."
"ഓ..നിങ്ങളൊക്കെ എവിടുന്നാ?"
"മൂന്ന് പേരും കൊല്ലം "
"ആഹാ..."
പിന്നെ അവരൊന്നും പറയാത്തത് കണ്ടപ്പോൾ സഞ്ജു ഒന്ന് നിർത്തി.എല്ലാവരും വാട്ട്സ്അപ്പിലും,എഫ്.ബി ലും ഒക്കെ കുത്തി കളിക്കുവാണല്ലോ..
അവൾ പിന്നെ കുറെ നേരം മുറി അടക്കിയൊതുക്കി വെച്ചിരിക്കുന്നതും നോക്കി നിൽപ്പായി.നോക്കി വന്നപ്പോൾ റൂമിലെ എല്ലാ മേശയിലും ഹിന്ദു ദൈവങ്ങൾ ..അപ്പോ എല്ലാരും അമ്പലവാസികൾ ആണല്ലേ..
സഞ്ജു അതിൽ പിടിച്ചതായി അടുത്ത ചോദ്യം.
"ഇവിടെ അടുത്താന്നോ ഈ ആറ്റുകാലും പദ്മനാഭ സ്വാമി ക്ഷേത്രമൊക്കെ...?"
"അതെ ബസിനു പോകാനുള്ള ദൂരം,ആദ്യായിട്ടാണോ ഇവിടെ?"
"അതെ..."
അപ്പോൾ മൂന്ന് പേരും കൂടി തമ്മിൽ തമ്മിൽ നോക്കി.
"കൊച്ചിയിലാണെന്നല്ലേ പറഞ്ഞെ..?ലുലു മാളിൽ പോയിട്ടുണ്ടോ?"
"ഉണ്ട്...അധികൊന്നുമില്ല ..ഒരു ഇരുപത് തവണ ഒക്കെ.."
"ഇരുപതോ..??അത്ഭുതത്തോടെ ചോദിച്ചു.
"ഉം...."!!!
പിന്നെ അവർ എറണാകുളത്തെ പറ്റി ഓരോന്നായി ചോദിച്ചു,,,
സഞ്ജുവും വിട്ട് കൊടുത്തില്ല അവിടത്തെ സ്ഥലങ്ങളെ പറ്റി വിശദമായി തന്നെ ചോദിച്ചു..പാളയം പള്ളി,കുതിരമാളിക..എല്ലാം...
"എറണാകുളത്തെ പിള്ളെരൊക്കെ.. വല്യ ജാഡകളെന്ന ഇവിടെ പറയാറ് അതാ ഞങ്ങൾ ആദ്യം ഒന്ന് ജാഡ ഇട്ടത്..."
"ഹ..ഹ...ഹാ..."സഞ്ജു ചിരിച്ചു...
പെട്ടെന്നു പിന്നേം ഒരു ബെല്ലടി ശബ്ദം..ഇതിനും മാത്രം ബെല്ലോ?
"വാടാ..സഞ്ജുട്ടാ...ഭക്ഷണത്തിന്റെയാ....കഴിച്ചിട്ട് ഇനി കാര്യം പറയാം.."
ഒരാൾ തന്റെ കൈ ഒക്കെ പിടിച്ചു വരുന്നത് കണ്ടപ്പോൾ സഞ്ജു ന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.
അങ്ങനെ ഓരോ ദിവസം കഴിയും തോറും അവർ തമ്മിൽ അടുത്തു ..നാലാമത്തെ ദിവസമാണ് കോഴിക്കോട്ടെ ചങ്ങായി റൂമിലെത്തിയത്.അവളെ ഇതിനോടകം മറ്റുള്ളവരുടെ വാക്കുകളിലൂടെ പരിചയപെട്ടിരുന്നു.പക്ഷെ അവളിപ്പോൾ കരഞ്ഞു കൊണ്ടിരിക്കുകയാണ് ,ചോദിച്ചപ്പോൾ "അമ്മയെ കാണണം..."
"ഞാൻ വീട്ടിൽ നിന്ന് വന്നത് സ്വതന്ത്രമാഘോഷിക്കാൻ ....ഇവരെന്താ ഇങ്ങനെ.."അതോർത്തു സഞ്ജു ചിരിച്ചു.
അന്നത്തെ ദിനം കോഴിക്കോടൻ ചങ്ങായി മൂകമായിരുന്നു.
പിറ്റേന്നാണ് അവർ ശരിക്ക് ഒന്ന് മിണ്ടിയത്.അവളും സഞ്ജുവും ഒരിടത്താണ് ജോലി ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ കൂട്ട് ഒന്നും കൂടി മുറുകി.
നാളുകൾ പൊയ്ക്കൊണ്ടിരുന്നു.ഇതിനിടയ്ക്ക് അവരുടെ നാലുകട്ടിലുകൾക്കിടയിൽ സഞ്ജുവിന്റെ കട്ടിലും വന്നു.ഇപ്പോഴത് "ഇരുപത് കാലുള്ള കട്ടിലായി".അവർ പരസ്പരം കെട്ടി പിടിച്ചും തല്ലുകൂടിയും എല്ലാം ആ കട്ടിലിൽ ചിലവഴിച്ചു,ഒരു കുടുംബത്തെ പോലെ .ഒരാൾ നാട്ടിൽ പോയാൽ അന്ന് ആ മുറി ശാന്തമാണ്,മൂകമാണ്.
പിന്നെ രാത്രി മെഴുതിരി വെട്ടത്തിലെ പിറന്നാളാഘോഷം,പാതിരാത്രി സിനിമ ,മുകളിലെ നിലകളിൽ ഉള്ള ഹിന്ദിക്കാരി ചുള്ളത്തികളെ പറ്റി കുശുമ്പ് പറയൽ,ഹോട്ടലിൽ നിന്ന് മെട്രിൻ അറിയാതെ ഇടയ്ക്കിടയ്ക് "നല്ല ഭക്ഷണം"കഴിക്കൽ,നാട്ടിൽ നിന്ന് വരുന്ന "സ്പെഷ്യൽ"ഒറ്റ പാത്രത്തിലാക്കി എല്ലാരും കൂടി പങ്കു വെച്ചു കഴിക്കൽ.അങ്ങനെ ധാരാളം..ധാരാളം.
സഞ്ജു മുറിയെ പതിയെ പ്രണയിക്കാൻ തുടങ്ങി."ഹോസ്റ്റൽ ഡേ"ക്ക് മുറി ഏറ്റവും നന്നായി സൂക്ഷിക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ട് .മുറിയിൽ ഉണ്ടായിരുന്ന പലഹാര പടങ്ങളുടെ വില മെസ്സിലെ ഭക്ഷണം ശീലിച്ചു കഴിഞ്ഞപ്പോൾ സഞ്ജുവിന് മനസ്സിലായി .അത് കൊണ്ട് അതൊന്നും മാറ്റാതെ സഞ്ജു തന്റെ കൈ കൊണ്ട് വരച്ച ചിത്രങ്ങള്ളാൽ മുറി നിറച്ചു .
മഴക്കാലത്ത് നടുമുറ്റത്ത് വീഴുന്ന വെള്ളത്തിൽ കാലിട്ട് കളിക്കുകയും ഫോട്ടോയെടുത്ത് സൂക്ഷിക്കുകയും ചെയ്തു.
ഒരു തവണ സഞ്ജു കരഞ്ഞു "'അമ്മയെ കാണമെന്ന് പറഞ്ഞ്,പനി പിടിച്ചു കിടന്നപ്പോഴാണത് ,ആ സമയം അമ്മയെ ഓർക്കുമല്ലോ എല്ലാവരും.പക്ഷെ ജോലിക്ക് തിരക്കിട്ടു പോവാൻ നിൽക്കുമ്പോൾ തനിക്ക് വേണ്ടി "പാരസെറ്റമോൾ"വാങ്ങാൻ മെഡിക്കൽ ഷോപ്പിലേക്ക് പോയ തന്റെ റൂമിലെ ചേച്ചിമാർ.
അമ്പലത്തിൽ പോകാൻ എഴുന്നേറ്റ പ്രഭാതങ്ങൾ ,അവർ തമ്മിൽ മാറി മാറി കുടിച്ച ചായ കപ്പുകൾ..,അങ്ങനെ സഞ്ജുവിന്റെ ജീവിതത്തിലെ മയിൽപ്പീലി വിരിഞ്ഞു കൊണ്ടേ ഇരുന്നു.എല്ലാത്തിനും മൂകസാക്ഷിയായി ആ "ഇരുപത് കാലുള്ള കട്ടിലും "!!!!
(* ഇന്ത്യയിലെ ആദ്യത്തെ നിയമനിർമ്മാണസഭയാണ് ശ്രീമൂലം പ്രജാസഭ.)
വാൽകഷ്ണം:ഇതിലെ സഞ്ജു(മിഥ്യാ നാമം) ഞാൻ തന്നെയാണ് !
-രേഷ്-
Resh ...nice language..heading kalaki..apt...keep it up..going good👏👏👏
ReplyDeleteThank you teacher ...
Delete👍
ReplyDelete😌
DeleteHaha poli. Meeting with hostel warden and the describtn of dress was awesome. Keep gng
ReplyDelete👍keep reading bro!
Delete