മധുരമുള്ള മുറിവുകൾ

           അങ്ങ് ദൂരെ പുഴയുടെ മുകളിൽ കൂടി ചൂളം കുത്തി പാലം കുലുക്കി ട്രെയിൻ പോകുന്നതും നോക്കി പാടത്തിനിപ്പുറം ഞാൻ മാങ്ങയും കടിച്ചിരിക്കുകയാണ്.ആ മാങ്ങയ്ക്ക് പ്രത്യേക വാസനയാണ് മധുരമുള്ള വാസന...'അമ്മ വിളിച്ചപ്പോൾ ചെരുപ്പിടാത്ത കാലിൽ ചെമ്മണ്ണുരുട്ടി ഓടുന്നതിനിടയ്ക്ക് ചെറിയൊരു കല്ല് കൊണ്ട്,ഹൗ!എന്റമ്മേയ് .....കണ്ണിൽ നിന്നും.."ശുർ" കണ്ണീരും വന്നു.വീട്ടിലേക്കുള്ള ഇടവഴി വരെ മോങ്ങി മോങ്ങി നിരങ്ങി നീങ്ങുന്നതിനിടയ്ക്ക് വാളുമേന്തി വെളിച്ചപ്പാട് വരികയാണ് "കിലും കിലും" ആ ശബ്ദത്തിൽ ഒരു ഭയാനകതയായിരുന്നു എനിക്ക് വന്നിരുന്നത്.വെളിച്ചപ്പാടിന്റെ തുറിച്ച നോട്ടത്തിൽ,വേദനയൊക്കെ നോക്കാതെ..നെല്ലിച്ചെടികൾക്കിടയിലൂടെ വീട്ടിലേക്ക്  കുതിച്ചു ,പുറകിൽ വെളിച്ചപ്പാടിന്റെ മുരണ്ട ചിരിയലകളും.
           മുള്ളു വേലികളിൽ  ചുറ്റിപ്പടർന്ന മുല്ലപൂക്കളെ നുള്ളിയെടുത്ത് കൊടുത്താൽ അത് കോർത്തു അമ്മ മാല ഉണ്ടാക്കിത്തരും ..ആ പൂക്കൾ വെച്ചാൽ തലയിൽ സ്വർഗം വിടർന്ന മണമാണ്.അതും ചൂടി സ്കൂളിൽ പോവാൻ ഒരുപാടുനാളായി ആഗ്രഹിക്കുന്നു.അമ്മയ്ക്കാതൊട്ടു തോന്നുകയും ഇല്ലാലോ.മുല്ലപ്പൂക്കൾക്കിടയിൽ നല്ല സൂര്യരശ്മിപോലെ വിരിഞ്ഞ കിങ്ങിണി പൂവും കൂടി കലർത്തി കോർത്താൽ ഇത്തിരികൂടി രസമാ അല്ലെ..?.ഒന്നും നോക്കാതെ മുള്ളുവേലിയിൽ കൈയ്യെത്തിച്ച് പൂക്കളോരോന്നായി പറിച്ചെടുക്കാൻ തുടങ്ങി .കിങ്ങിണിപ്പൂവിലെ മുള്ളുകൾ മുത്തം തന്നതും കൈയ്യിൽ ചോരകൊണ്ട് പൂ വിരിഞ്ഞതും ഒപ്പം..."അമ്മേയ് ...."!!!
          വീടിന്റെ ഉമ്മറത്ത് നിറയെ പൂക്കളുള്ള ചെമ്പക മരമുണ്ട്.എനിക്ക് ഊഞ്ഞാലിടാൻ അത് മതിയാവും.ചില നേരത്ത് അതിന്റെ പൂവുകൾക് അരച്ചെടുത്ത ചന്ദനത്തിന്റെ മണമാണ്,മരത്തിന്റെ താഴെ ചില ദിവസം അച്ഛന്റെ നെഞ്ചത്തു തലചായ്ച്ചുറങ്ങാറുണ്ട്...അപ്പോൾ മുഖത്തേക്ക് പൂക്കൾ വീഴുന്നുണ്ടാവും.രാത്രിയാണല്ലോ സാധാരണ വെള്ളപ്പൂക്കൾ വിരിയുക മുല്ലപ്പൂവും,പാലപ്പൂവും പോലെ ചെമ്പകത്തിനും രാത്രി വിരിയാനാർന്നു ഇഷ്ടം.മദ്ദിപ്പിക്കുന്ന ആ ഗന്ധം ശ്വസിച്ച് കിടക്കുമ്പോൾ കിട്ടുന്ന സുഖം...!അങ്ങനെയുള്ള ഈ ചെമ്പകമരത്തിന്റെ കൊമ്പിലൊരു ഊഞ്ഞാലിടുന്ന കാര്യം ഞാൻ മോഹിക്കുന്നതും അച്ഛനറിയാം എന്നാലോ "നാളെയാവട്ടെ മോളെ.." കേട്ട് കേട്ട് മടുത്തപ്പോൾ ഞാൻ തന്നെ മടലും ചായ്പ്പിനു കയറും എടുത്തുകൊണ്ടുവന്ന്  ശക്തിമാനെ മനസ്സിൽ ധ്യാനിച്ച് കയർ മുകളിലോട്ടെറിഞ്ഞു..എവിടെയോ കൊളുത്തി..ആകാശത്തേക് തന്റെ കാലു മുട്ടിക്കാൻ പാട്ടും പാടി ഒറ്റ ഇരിപ്പായിരുന്നു..വീണു..."അയ്യോ അച്ഛാ..." ഈ തവണ ആളെ മാറ്റി പിടിച്ചു...
        വീട്ടിലേക്ക് കയറിവരാനായി കുറച്ച് പടികളുണ്ട് അതിൽ നിന്ന് ചാടി ചാടിയാണ് ഞാൻ എണ്ണം പഠിച്ചതും.എന്നും സ്കൂൾ വിട്ടു വരുമ്പോൾ ഒന്നരാടമുള്ള പടികൾ ചവിട്ടി കയറുകയാണ് പതിവ്,കാലിനിത്തിരി നീളം കൂടുതലായതിന്റെ അഹങ്കാരം.അന്നൊരു വെളളിയാഴ്ച്ച ആയതിനാൽ അമ്മയും ജോലി കഴിഞ്ഞ് കൂടെ ഉണ്ടായിരുന്നു.അന്നും പതിവ് അഹങ്കാരം കാണിക്കാനായി അമ്മയുടെ കൈകൾ വിടുവിച്ച് ഓടി ഒരു "കാലബദ്ധം " മുതുകും കുത്തി വീണു.അച്ഛനെയും വിളിച്ചില്ല അമ്മയെയും വിളിച്ചില്ല വീടിന്റെ അകത്ത് ചെന്നിട്ട് അമ്മയുടെ ചൂരൽ കഷായത്തിൽ ഇളവ് കിട്ടാൻ ഈശ്വരനോട് പ്രാർത്ഥിച്ചു..."ഭഗവാനെ ..."
        വെയിലാറും മുൻപേ ക്രിക്കറ്റ് കളിക്കുന്ന ഗ്രൗണ്ടിൽ വലിയ ചേട്ടന്മാർക്കായി കൈ അടിക്കുകയും ചൂളം വിളിക്കലുമുണ്ടായിരുന്നു.അങ്ങനെ ചെയ്താൽ മാത്രമേ അവര് വെള്ളം കുടിക്കുന്ന സമയം ഞങ്ങൾക്ക് കളിക്കാൻ സ്ഥലം കിട്ടുകയുണ്ടായിരുന്നുള്ളു.
 പതിവുപോലെ അന്നും ചെന്നിരുന്നു..കളികാണാൻ.അപ്പോഴാണ് ഒരു ചേട്ടായിയുടെ പന്തുവന്ന് ന്റെ നെഞ്ചത്ത് ഇടിച്ചത്..ഞാൻ ബോധം കേട്ട് വീണു ആരൊക്കെയെ ആശുപത്രിയിലാക്കി.അച്ഛമ്മയുടെ ചീത്ത കേട്ടാണ് ഞാൻ എഴുന്നേറ്റത്..പാവം ചേട്ടന്മാരുടെ പേടിച്ച മുഖം കാണാൻ നല്ല ചേലാ !!അത് കണ്ടു ഞാൻ കള്ളച്ചിരി ചിരിച്ചു.വേദന വേദന ആയിരുന്നേലും പിന്നെയുള്ള ദിവസങ്ങളിൽ എനിക്ക് കളി കഴിഞ്ഞ് ചേട്ടന്മാരുടെ വക സേമിയോ ഇട്ട "പാൽ ഐസ് "വാങ്ങി തരുമായിരുന്നു പിന്നെ എന്റെ കൊതി നിർത്താൻ അത് സേമിയോ അല്ല പുഴു ആണെന്നും പറഞ്ഞു പറ്റിച്ചു...,പക്ഷെ അതിന്റെ മധുരം പിന്നെയും എന്നെ കൊതിപ്പിച്ചുകൊണ്ടേയിരുന്നു .
       പല വേദനയ്ക്കിടയിലെ മധുരങ്ങൾ,മധുരിക്കുന്ന വേദനകളായി മാറുന്നു,.............
                                                             -രേഷ്-
    

Comments

Post a Comment

Popular posts from this blog

നുറുങ്ങുകൾ

വായിക്കപ്പെടേണ്ടത്.

ഗന്ധം